മഴ ചന്നം പിന്നം പെയ്തു തുടങ്ങി. കടുത്ത ചൂടും വെയിലും മാറി മഴയും കാറ്റും 
ഓടിയെത്തുമ്പോൾ വീട്ടുകാർക്കൊപ്പം വീടിനും പരിപാലനം വേണം. മാറി വരുന്ന മഴയിലും വെയിലിലും വീടുകൾ തളരുന്നുണ്ട്. ശരിയായ കരുതൽ നൽകിയില്ലെങ്കിൽ വിള്ളലും പായലും നി റഞ്ഞ് വീടിന്റെ അഴകും ആയുസ്സും കുറയും. ഭിത്തിയിലെ ഈർപ്പവും ടെറസ്സിലെ വെള്ളം കെട്ടി നിൽക്കലും മാത്രമല്ല മഴക്കാലത്തെ പ്രശ്നങ്ങൾ. അകത്തളങ്ങളിലെ ഇൻഡോർ ചെടികൾ മുതൽ അലമാരയിലെ തുണികൾക്കു വരെ വേണം സംരക്ഷണം. അറിയാം മഴയെ പാട്ടിലാക്കാനുള്ള വഴികൾ.
കാലാവസ്ഥ അനുസരിച്ചു വീട് നിർമിക്കണം
ചെറിയ മഴച്ചാറൽ വന്നാൽ മതി വെള്ളം മുഴുവൻ വീടിനകത്തെത്തും’ മിക്ക വീട്ടുകാരുടെയും പരാതിയാണിത്. കുറ്റം മഴയുടേതല്ല വീടുകൾ പണിത രീതിയുടേതാണ്. ഭംഗി മാത്രം നോക്കി ഉയർത്തുന്നവയാണ് ഇന്നത്തെ പല വീടുകളും. വീടിന്റെ ആർക്കിടെക്ചർ നമ്മുടെ കാലാവസ്ഥയുമായി ഇണങ്ങുന്നതല്ലെന്ന് വീട് പണി കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ മഴയ്ക്കാകും പലരും തിരിച്ചറിയുന്നത്. പിന്നെ, സദാ മുഖം മാറ്റിയെത്തുന്ന മഴയും, ശക്തമായ വെയിലും വിള്ളലായും പായലായും വീടിനെ തുടങ്ങും. ഈ പ്രശ്നത്തെ ഒരു പരിധിവരെ തടയാൻ സൺ ഷേഡാണ് വഴി.
മേൽക്കൂരയിൽ നിന്ന് വെള്ളം താഴേക്ക് ഒലിച്ചിറങ്ങുമ്പോഴും ഭിത്തിയിലേക്ക് മഴ നേരിട്ടടിക്കുമ്പോഴുമാണ് ചുമരുകളിൽ മഴക്കാല പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇത് തടയാനായി സൺഷേഡുകളോട് കൂടി വീടിന്റെ എലിവേഷൻ നിർമിക്കാം. എല്ലാ ജനാലകങ്ങൾക്കും സൺ ഷേഡുകൾ കൂടി നൽകിയാൽ കൂടുതൽ സുരക്ഷിതമായി . മഴയുടെ ഏറ്റകുറച്ചിലുകളിൽ നിന്നു വീടിനെ കാക്കുന്ന ഈ സൺ ഷേഡുകൾ മനോഹരമാക്കാൻ ഡിസൈനിൽ പരീക്ഷണങ്ങൾ നടത്താം. വീടിന്റെ ശൈലിയോടു ചേർന്നു പോകുന്ന തരത്തിലായിരിക്കണമെന്നു മാത്രം.
മഴക്കാലം മുന്നിൽ കണ്ട്
വേനൽക്കാലമാണ് വീട് കഴുകി വൃത്തിയാക്കി പുതിയ നിറങ്ങൾ നൽകാൻ ഏറ്റവും നല്ല സമയം. പെയിന്റടിച്ച ഭിത്തിക്കു മേലുണ്ടാകുന്ന പൂപ്പൽ, പായൽ എന്നിവയ്ക്ക് പുറമേ ചോർച്ച പോലുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ ഉത്തമ സമയമാണ് മഴക്കാലത്തിന് തൊട്ട് മുന്നേയുള്ള വേനൽസമയം. ചുമരുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന പൊടിയും അഴുക്കും കഴുകി നീക്കി മഴ സ്വീകരിക്കാൻ വീടിനെ ഒരുക്കാം.
വെയിലേറ്റ് വിള്ളൽ വീണിരിക്കുന്ന ഭിത്തികളിലേക്ക് മഴവെള്ളം കൂടി പതിച്ചാൽ അത് വീടിന്റെ ഭംഗിക്കു മാത്രമല്ല ആയുസിന് കൂടി ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഭിത്തിക്ക് പ്രൊട്ടക്ഷൻ കോട്ട് അനിവാര്യമാണ്. വീടിന്റെ പുറം ഭാഗം, മതിൽ, ജാലകങ്ങൾ എന്നിവയാണ് മഴക്കാലത്തിനു മുന്നേ സംരക്ഷിക്കപ്പെടേണ്ട പ്രധാന സ്ഥലങ്ങൾ.
ക്വാളിറ്റി കുറഞ്ഞ പെയിന്റുകളാണ് പലപ്പോഴും വീടിന്റെ വില്ലൻമാരായി മാറുന്നത്. വീടിന്റെ എക്സീറ്റീരിയറിൽ ഗുണനിലവാരമുള്ള പെയിന്റ് തന്നെ നൽകാൻ ശ്രമിക്കുക. മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ കേടുപാടുകൾ കൂടാതെ വീടിനെ സംരക്ഷിക്കാൻ ഹൈ ക്വാളിറ്റി പെയിന്റുകൾക്ക് കഴിയും. പെയിന്റ് വാങ്ങുമ്പോൾ ഫൈബറിന്റെ അളവ് കൂടുതലുളളവ തന്നെ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
എക്സ്റ്റീരിയർ പുട്ടി ഇട്ട ശേഷം ചുമരിൽ ചായം പൂശിയാൽ പൂപ്പൽ ബാധയേൽക്കില്ല. വെയിലേറ്റും ഈർപം തങ്ങി നിന്നുമുണ്ടാകുന്ന വിള്ളലുകളെ തടയാനും എക്സിറ്റീരിയൽ പുട്ടി സഹായിക്കും. വെള്ളം ഒലിച്ചിറങ്ങാൻ സാധ്യതയുള്ള ഭാഗങ്ങളിൽ പെയിന്റ് നൽകുമ്പോൾ ഒന്നിൽ കൂടുതൽ കോട്ടുകൾ നൽകാം.
ചോർച്ച കണ്ടില്ലെന്നു നടിക്കല്ലേ
മിക്ക വീടുകളിലും ഉൾഭാഗങ്ങളിലായി അങ്ങിങ്ങ് വട്ടത്തിലുള്ള നിറ വ്യത്യാസങ്ങൾ കാണാം. ചിലത് ഭിത്തിയുടെ മൂലയിൽ നിന്ന് ഇറങ്ങി ഫ്ലോർ വരെ എത്തി നിൽക്കാറുണ്ട്.
പലപ്പോഴും വീട് കോൺക്രീറ്റ് ചെയ്തപ്പോഴുണ്ടായ അപാകതകളാകും കാരണം. ഗുണനിലവാരമില്ലാത്ത സിമിന്റും മണലും ഉപയോഗിച്ചതിന്റെ പരിണിത ഫലങ്ങളായും ചോർച്ചാ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചോർച്ച ഉണ്ടായ ശേഷം പ്രതിവിധി അന്വേഷിക്കുന്നതിലും നല്ലത് ഈ അവസ്ഥ ഉണ്ടാകാതെ നോക്കുന്നതാണ്.

മഴക്കാലമാകുമ്പോൾ റൂഫിലെ ഡ്രെയിനേജ് പൈപ്പിലൂടെ വെള്ളം ഒഴുകി പോകുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ? വേനൽക്കാറ്റിൽ പറന്നു വരുന്ന ഇലയും പൊടിയും സൺഷേഡുകളിലും ടെറസിലും അടിഞ്ഞു കൂടി കിടക്കും. ഇവ വെള്ളം ഒലിച്ചു പോകാനുള്ള ഓവുകളിലും പൈപ്പുകളിലും തങ്ങി നിന്ന് ബ്ലോക്കുണ്ടാക്കും. ഇതിന്റെ ഫലമോ, ഭിത്തിയിൽ ചിത്രം വരച്ച് ഈർപ്പമിറങ്ങും. ഭിത്തിയിലും മച്ചിലും ഈർപം നിലനിൽക്കുന്നത് വിള്ളൽ വീഴാനുള്ള സാധ്യത ഇരട്ടിപ്പിക്കുമെന്ന് ഓർക്കുക. മഴക്കാലം തുടങ്ങുമ്പോൾ തന്നെ ഡ്രെയ്നേജ് പൈപ്പിൽ തടസ്സമൊന്നുമില്ലെന്ന് ഉറപ്പാക്കുക. സൺ ഷേഡിലെ കരിയിലകളും മാലിന്യങ്ങളും നീക്കം ചെയ്യുക.
വീട് നിർമിക്കുന്ന സമയത്ത് തന്നെ വാട്ടർ പ്രൂഫ് കോട്ടിങ്ങ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. മൺസൂണ്‍ ശക്തമായെത്തുന്ന നമ്മുടെ നാട്ടിൽ ഇത്തരം മുൻകരുതലുകൾ ആവശ്യമാണ്.
ദ്രാവക രൂപത്തിലുള്ള വാട്ടർപ്രൂഫിങ്ങ് ഉൽപന്നങ്ങൾ വിപണികളിൽ ലഭ്യമാണ്. മഴക്കാലത്തിന് മുന്നേ ചോർച്ചയുണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇവ ബ്രഷ് ഉപയോഗിച്ച് തേച്ച് പിടിപ്പിക്കാം. രണ്ടോ മൂന്നോ കോട്ടിങ്ങായി നൽകാം.
മൂന്ന് മാസം കൂടുമ്പോൾ വെള്ളം ഒലിച്ചു പോകാനുള്ള പൈപ്പുകൾ വൃത്തിയാക്കണം. ടെറസിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ അൽപം ഉയർത്തി ചെറിയ ബംപുകൾ നിർമിക്കാം.
വാഡ്രോബ് ആൻഡ് ഫർണിച്ചർ കെയർ
മഴക്കാലത്ത് ഏറ്റവും വെല്ലുവിളിയുയർത്തുന്നവരാണ് വീട്ടിലെ തടി മേശയും കസേരകളും കട്ടിലും. എന്തിനധികം പറയുന്നു മരം കൊണ്ടുണ്ടാക്കിയ വാഡ്രോബുകൾ വരെ മഴക്കാലത്ത് തിരിച്ചടിയായി മാറാറുണ്ട്.
മഴ ശക്തമാകും മുൻപേ തന്നെ സംരക്ഷണം നൽകിയാൽ മൺസൂണിലും തടി ഉരുപ്പടികൾ ഭംഗിയോടെയിരിക്കും. മഴക്കാലമാകുമ്പോഴാണ് ചില പ്രാണികൾ ഫർണിച്ചറിൽ കൂട് കൂട്ടാനായി എത്തുന്നത്. വീടിനുള്ളിൽ കർപ്പൂരത്തിന്റേയോ ആരിവേപ്പിന്റെയോ മണമുണ്ടാകുന്നത് ഇത്തരം പ്രാണികളെ അകറ്റാൻ സഹായിക്കും. കർപ്പൂരം ചെറിയൊരു കിഴി കെട്ടി കട്ടിലിന്റെ ഇരു വശങ്ങളിലും ഡൈനിങ് ടേബിളിന്റെ മുകളിലും സൂക്ഷിക്കാം. നല്ല എയർ ഫ്രഷ്നറായി പ്രവർത്തിക്കുന്നതിനൊപ്പം ചെറു പ്രാണികളുടെ ശല്യവും അകലും.
ഫർണിച്ചറിന്റെ കാലുകൾ പോളിത്തീൻ കവറിൽ പൊതിഞ്ഞാൽ തറയിലെ ഈർപ്പത്തിൽ നിന്നും രക്ഷ നേടാം.ഗ്ലിസറിൻ പഞ്ഞിയിൽ മുക്കി ഇടക്കിടെ തുടയ്ക്കുന്നതും

വർഷത്തിലൊരിക്കൽ പോളിഷ് ചെയ്യുന്നതും മരങ്ങൾ കൊണ്ടുള്ള ഫർണിച്ചറിന്റെ ആയുസ് വർധിപ്പിക്കും.
തടി കൊണ്ടുള്ള അലങ്കാര വസ്തുക്കളും ഫർണിച്ചറുകളും ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് മാത്രം തുടച്ച് വൃത്തിയാക്കുക. വെള്ളം നനച്ചാലും ഈർപം തങ്ങി നിൽക്കാത്ത അസറ്റോൺ മെറ്റീരിയൽ ഉപയോഗിച്ചും വൃത്തിയാക്കാം.
ജലാംശത്തെ പെട്ടെന്ന് വലിച്ചെടുക്കുന്ന സിലിക്കാ ജെൽ വാഡ്രോബുകളിൽ സൂക്ഷിച്ചാൽ പൂപ്പൽ ബാധയുണ്ടാകില്ല.നനവുള്ള വസ്ത്രങ്ങൾ വാർഡ്രോബിൽ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക. മഴക്കാലത്ത് മുഷിഞ്ഞ വസ്ത്രങ്ങൾ വയ്ക്കാനായി മാത്രം ഒരു പോളിസ്റ്റർ ബാഗ് വാഡ്രോബിൽ പിടിപ്പിക്കാം.മഴയായതിനാൽ മുറിക്കുള്ളിൽ വിരിച്ചിട്ട് ഉണക്കിയ വസ്ത്രങ്ങൾ അൽപം വെയിൽ തെളിയുമ്പോൾ തന്നെ വെയിലത്തിട്ട് ഉണക്കിയെടുക്കാൻ ഓർക്കുക.
Courtesy>Veedu